എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച് സഹയാത്രികന്‍;



 

ന്യഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ചെന്ന് പരാതി. സഹയാത്രികന്റെ നഗ്നതാ പ്രദര്‍ശനത്തിലുള്‍പ്പടെ ജീവനക്കാരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് രേഖാമൂലം പരാതി നല്‍കിയതോടെ മാത്രമാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറായതെന്ന് യാത്രക്കാരി പറയുന്നു.

നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്നും യാത്ര ആരംഭിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിമാനത്തിലെ ലൈറ്റുകള്‍ അണച്ച ശേഷം മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തന്റെ അടുത്തെത്തുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്ന് യാത്രക്കാരി പറയുന്നു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം ഇയാള്‍ അവിടെ തന്നെ നിന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞതിന് ശേഷമാണ് ഇയാള്‍ അവിടെ നിന്നും പോയത്.
മൂത്രം വീണ് തന്റെ വസ്ത്രങ്ങളും ബാഗും ഷൂസും ഉള്‍പ്പടെ നനഞ്ഞുവെന്നും അവര്‍ പറഞ്ഞു. വീമാനജീവനക്കാരിയെത്തി സീറ്റിലും മറ്റും അണുനാശിനി തളിച്ചു. ജീവനക്കാരില്‍ ഒരാളാണ് ധരിക്കാന്‍ പൈജാമയും ചെരിപ്പും നല്‍കിയത്. എന്നാല്‍ ബിസിനസ് ക്ലാസില്‍ മറ്റു സീറ്റുകളുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും, രണ്ട് മണിക്കൂറിന് ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയതെന്നും യാത്രക്കാരി ആരോപിച്ചു.
സംഭവം തനിക്ക് വലിയ ആഘാതമാണുണ്ടാക്കിയതെന്നും പരാതി പറഞ്ഞിട്ടും ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇവര്‍ പറയുന്നു. അതിക്രമം നടത്തിയ ആള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോയി. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന് പരാതി നല്‍കിയതിന് ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നാണ് ആക്ഷേപം.
അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിക്രമം നടത്തിയ ആളെ 'നോ ഫ്‌ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യാന്‍ അഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്
أحدث أقدم