തുറസ്സായ സ്ഥലത്ത് രണ്ടുദിവസം വെച്ചിട്ടും ഐസ്ക്രീം പൂർണമായി അലിഞ്ഞു തീർന്നില്ല; പെട്ടിയിലും, വാഹനങ്ങളിലും കൊണ്ടുനടന്നു വിൽക്കുന്നത് വ്യാജ ഐസ്ക്രീമെന്ന് സംശയം .. നാട്ടുകാർ ആശങ്കയിൽ


പെട്ടിയില്‍ നിറച്ച്‌ സൈക്കിളില്‍ കൊണ്ടുവരുന്ന ഐസ്ക്രീമുകളില്‍ പലതും വ്യാജനെന്ന് സംശയം. കഴിഞ്ഞദിവസം കായംകുളം, അഴീക്കല്‍ പ്രദേശങ്ങളില്‍ സൈക്കിളില്‍ വന്നയാളില്‍ നിന്നു വാങ്ങിയ ഐസ്ക്രീം തുറസായ സ്ഥലത്തെ ഇരുമ്ബു തൂണില്‍ കെട്ടിവച്ച്‌ രണ്ടുദിവസം പിന്നിട്ടിട്ടും പൂര്‍ണമായും അലിഞ്ഞില്ല എന്നത് നാട്ടുകാരെ ഞെട്ടിച്ചു. തീരപ്രദേശത്ത് ഇത്തരം കച്ചവടക്കാര്‍ സ്ഥിരം എത്താറുണ്ട്. ഇവരില്‍ നിന്ന് കുട്ടികളുള്‍പ്പടെ ഐസ്ക്രീം വാങ്ങും.
അടുത്തിടെ കേരളത്തില്‍ തന്നെ പലേടത്തും വ്യാജ ഐസ്ക്രീമുകള്‍ പിടികൂടിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളില്‍ ചിലര്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. ബിസ്കറ്റ് കോണ്‍ ഐസ്ക്രീം കാറ്റടിക്കുന്ന തുറസായ സ്ഥലത്ത് മണിക്കൂറുകളോളം വച്ചിട്ടും അലിഞ്ഞില്ല. പരീക്ഷണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും ഐസ്ക്രീമിന്റെ കുറച്ച്‌ ഭാഗം അലിയാതെ അവശേഷിച്ചുവെന്ന് ഓച്ചിറ സ്വദേശി ദിലീപ് പറഞ്ഞു.
അലിയാത്ത ഐസ്ക്രീം നിര്‍മ്മിക്കുന്നത് സ്വാഭാവിക പദാര്‍ത്ഥങ്ങള്‍ കൊണ്ടല്ലെന്നത് വ്യക്തമായതിനാല്‍ ആശങ്കയിലാണ് നാട്ടുകാര്‍. ഐസ്ക്രീം വാങ്ങുന്നവര്‍ അപ്പോള്‍ത്തന്നെ കഴിക്കുന്നതാണ് പതിവ്. പ്രത്യേകിച്ചും കോണ്‍ ഐസ്ക്രീം. അതിനാലാവാം ഇത്തരം തട്ടിപ്പുകള്‍ പുറത്ത് വരാത്തതെന്നാണ് സംശയം.
أحدث أقدم