ഷാരോണിനെ ​ഗ്രീഷ്മ കൊന്നത് പത്ത് മാസം നീണ്ട പദ്ധതിക്കൊടുവിൽ; കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും

 തിരുവനന്തപുരം: പത്ത് മാസം നീണ്ട പദ്ധതിക്കു ശേഷമാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കേസിൽ കേരള പൊലീസ് തന്നെയാണ് കുറ്റപത്രം തയ്യാറാക്കുക. നെയ്യാറ്റിൻകര കോടതിയിൽ ഈ മാസം 25ന് മുമ്പ് കുറ്റപത്രം നൽകുമെന്ന് പൊലീസ് പറഞ്ഞു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്. 

നാഗർകോവിലിലെ സൈനികനുമായി ​ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽ നിന്ന് പിന്മാറാതിരുന്നതോടെയാണ് വധിക്കാൻ ശ്രമം തുടങ്ങിയത്. കേസിൽ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്. നെയ്യൂർ ക്രിസ്റ്റ്യൻ കോളേജിനോട് ചേർന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് ആദ്യത്തെ വധശ്രമം നടന്നത്. മാങ്ങാ ജ്യൂസിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി കുടിക്കാൻ നൽകുകയായിരുന്നു. കയ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. 

കുഴുത്തുറ പഴയ പാലത്തിൽ വച്ചും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി. ഇരു ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകിയത്. 

ശബ്ദപരിശോധനാ റിപ്പോർട്ട് അടക്കം ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷസംഘത്തിൻറെ ശ്രമം. സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടറായി കേസിൽ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.


أحدث أقدم