ന്യൂഡല്‍ഹി: മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം.
മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുന്‍ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികളില്‍ അടക്കമാണ് സുപ്രീംകോടതി വിധി പറയുന്നത്. വാദത്തിനിടെ വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന അലിഖിത കീഴ്‌വഴക്കം ജഡ്ജിമാര്‍ പാലിക്കാറുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഈ കീഴ് വഴക്കം, രാഷ്ട്രീയക്കാരും അധികാരസ്ഥാനത്തിരിക്കുന്ന പൊതു പ്രവര്‍ത്തകരും പാലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അധിക മാര്‍ഗരേഖകള്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണി വാദിച്ചത്.