മാവേലിക്കര : ലഹരി കടത്തലുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം ആലപ്പുഴ ജില്ലയിലെ ആദ്യ അറസ്റ്റ്. കുപ്രസിദ്ധ ഗുണ്ടയും 30 കിലോ ഗഞ്ചാവ് കേസിൽ വിചാരണ തടവിൽ കഴയുന്ന ആളുമായ മാവേലിക്കര പോനകം എബനേസർ പുത്തൻ വീട്ടിൽ ലിജു ഉമ്മൻ തോമസ് (42) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ മാവേലിക്കര സി.ഐ സി.ശ്രീജിത്ത് അവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2020 ഡിസംബർ 28ന് 30 കിലോ ഗഞ്ചാവ് പിടികൂടിയ കേസിൽ 2021 സെപ്തംബർ 13നാണ് ലിജു ഉമ്മൻ എറണാകുളത്ത് നിന്നും പിടിയിലായത്. അന്നുമുതൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം ഇയാൾക്കെതിരെ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ജോസിന്റെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മുൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവും നിലവിലെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണും സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം അറസ്റ്റ് മുതൽ ഒരു വർഷം വരെയാണ് തടങ്കലിൽ പാർപ്പിക്കുന്നത്.
ഗഞ്ചാവ് മാഫിയക്കെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നാപടികൾ ആലപ്പുഴ ജില്ലയിലെ ആദ്യ അറസ്റ്റ് ഇതോടെ രേഖപ്പെടുത്തപ്പെട്ടു. 3 ഗഞ്ചാവ് കേസുകൾ, 2 കൊലപാതകങ്ങൾ, നിരവധി വധശ്രമ കേസുകൾ ഉൾപ്പെടെ 45 ൽ അധികം കേസുകളിൽ പ്രതിയാണ് ലിജു ഉമ്മൻ. ഇയാളുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും മുൻ കേസുകളിലെ ജാമ്യം റദ്ദു ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ കൂട്ടു പ്രതികൾക്കെതിരെയും സമാന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.