'അപമാനഭാരം കൊണ്ട് തല ഉയര്‍ത്താന്‍ കഴിയുന്നില്ല'; ഡല്‍ഹിയില്‍ യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം, ദൃശ്യങ്ങള്‍ പുറത്ത്

 ന്യൂഡല്‍ഹി: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 

പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ അപകടം ഉണ്ടാക്കിയ മാരുതി സുസുക്കി ബലേനൊ കാര്‍ യുടേണ്‍ എടുത്ത് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍ 20കാരി ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പൊലീസ് അന്വേഷണം തുടരുകയാണ്.

യുവാക്കള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു സ്‌കൂട്ടറില്‍ നിന്ന് വീണ യുവതിയെ 12 കിലോമീറ്റര്‍ വലിച്ചിഴച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവ സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. യുവതിയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. യുവാക്കള്‍ അഞ്ച് പേരും മദ്യപിച്ചിരുന്നു. കാഞ്ജ്വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്‌നമായ നിലയില്‍ കണ്ടെത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിന്റെ മുഴുവന്‍ സത്യങ്ങളും പുറത്തു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

 സംഭവത്തെ അപലപിച്ച ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍, അപമാനഭാരം കൊണ്ട് തല ഉയര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് പ്രതികരിച്ചത്. സംഭവം കേട്ട് താന്‍ ഞെട്ടി പോയി. പ്രതികളെ പിടികൂടിയിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളെയും കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
أحدث أقدم