തിരുവനന്തപുരം : ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം ഇന്ന്.
വൈകുന്നേരം തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ തീരുമാനം സര്‍ക്കാരിനെ അറിയിക്കും. ഗവര്‍ണറുടെ നിലപാട് അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞദിവസം നിയമോപദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണമെന്നും സത്യപ്രതിജ്ഞക്ക് സാഹചര്യമുണ്ടാക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ പറയുന്നു.
ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയോട് കൂടുതല്‍ വ്യക്തത തേടാമെന്നും നിയമോപദേശമുണ്ടെങ്കിലും ഗവര്‍ണര്‍ ഇതിന് മുതിരില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിയമോപദേശം അനുസരിച്ച് സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ പച്ചക്കൊടി കാട്ടിയേക്കും.
ഇന്ന് വൈകുന്നേരം തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ നിയമോപദേശം പരിശോധിക്കും. ഇതിന് ശേഷം തീരുമാനം സര്‍ക്കാരിനെ അറിയിക്കും.
ഗവര്‍ണറുടെ തീരുമാനം അനുകൂലമായാല്‍ മറ്റന്നാള്‍ രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കാന്‍ തിരുവല്ല കോടതിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതും ധാര്‍മികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ദിവസം കരിദിനമായി ആചരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.