കര്‍ണാടക തെരഞ്ഞെടുപ്പ്: 11 ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 108 കോടി



 ബംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടയിലേക്ക് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 11 ദിവസത്തിനുള്ളില്‍ പിടികൂടിയത് 108. 78 കോടി രൂപയുടെ പണവും സാമഗ്രികളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കണക്കില്‍പ്പെടാത്ത 37.24 കോടി രൂപ, 26.68 കോടി രൂപ വിലമതിക്കുന്ന 5.23 ലക്ഷം ലിറ്റര്‍ മദ്യം, 11.54 കോടിയുടെ 397 കിലോ മയക്കുമരുന്ന്, 14.96 കോടിയുടെ 34.36 കിലോഗ്രാം സ്വര്‍ണം, 15.80 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇന്റലിജന്‍സ് സ്‌ക്വാഡും ഫിക്സ്ഡ് സര്‍വൈലന്‍സ് ടീമുകളും പൊലീസും ആദായനികുതി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇത്രയധികം കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തത്.

792 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. 

11 ഓളം ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. സിആര്‍പിസി നിയമപ്രകാരം 2,509 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6,227 ജാമ്യമില്ല വാറണ്ടുകള്‍ പുറപ്പെടുവിക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

 മെയ് 10നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 13ന് ഫലപ്രഖ്യാപനം.
أحدث أقدم