1500 ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതും മറച്ച് വച്ചതുമായി കരുതപ്പെടുന്ന ബൈബിള്‍ ഭാഗം കണ്ടെത്തിയതായി ഗവേഷകര്‍

മത്തായിയുടെ സുവിശേഷ ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 11 മുതല്‍ 12 വരെയുള്ള അധ്യായങ്ങളില്‍ നിലവിലെ സുവിശേഷങ്ങളിലേക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്ളതായാണ് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്. വത്തിക്കാന്‍ ലൈബ്രറിയില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് നടത്തിയ പഠനമാണ് പുതിയ കണ്ടെത്തല്‍. ക്രിസ്തീയ കഥകളേക്കുറിച്ചും സ്തുതി ഗീതങ്ങളേക്കുറിച്ചുമുള്ള കയ്യെഴുത്ത് പ്രതിയില്‍ നിന്നാണ് ഈ ഭാഗം കണ്ടെത്തിയത്.

പുരാതന സുറിയാനി ഭാഷയിലാണ് കയ്യെഴുത്തുപ്രതിയുള്ളത്. ഇതിന്റെ പൂര്‍ണമായ വിവര്‍ത്തനം ഗവേഷകര്‍ വിശദമാക്കിയിട്ടില്ലെങ്കിലും ചില ഭാഗങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. കണ്ടെടുത്ത കയ്യെഴുത്തു പ്രതിയിലെ പ്രാരംഭ വാചകം മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്നാണ് വിലയിരുത്തുന്നത്. കയ്യെഴുത്ത് പ്രതി തിരുത്തിയ എഴുത്തുകാരന്‍ ഇത് മായ്ച്ച് കളഞ്ഞ ശേഷമാണ് പുതിയവ എഴുതി ചേര്‍ത്തത്. മൃഗങ്ങളുടെ തൊലി കൊണ്ട് നിര്‍മ്മിക്കുന്ന പേപ്പറിലെ സാധാരണ എഴുത്ത് രീതി ഇങ്ങനെയാണ്. മത്തായി 12ാം അധ്യായത്തിന്റെ ഗ്രീക്ക് ഭാഷ്യത്തിന്റെ തര്‍ജമ ചെയ്ത ഭാഗങ്ങളാണ് ഗവേഷകര്‍ പുറത്ത് വിട്ടിട്ടുള്ളത്. നമ്മുക്ക് അറിയാവുന്ന സുവിശേഷ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമാണ് നിലവില്‍ കണ്ടെത്തിയതെന്നാണ് ഈ ഭാഗം കണ്ടെത്തിയ ഗവേഷകന്‍ ഗ്രിഗറി കെസല്‍ പ്രതികരിക്കുന്നത്. നിലവില്‍ കണ്ടെത്തിയിരിക്കുന്ന കയ്യെഴുത്ത് പ്രതി രണ്ട് തവണയാണ് പുനരുപയോഗിക്കപ്പെട്ടിട്ടുള്ളത്. മായ്ച്ച് കളഞ്ഞ അക്ഷരങ്ങള്‍ അള്‍ട്രാ വയലറ്റ് രശ്മികളെ പിടിച്ചെടുത്ത് പ്രകാശിപ്പിക്കുന്നത് അനുവസരിച്ചാണ് ഗവേഷണം നടത്തിയത്.
സുവിശേഷ ഭാഗങ്ങളെ അഞ്ചാം നൂറ്റാണ്ടിലാണ് സുറിയാനി സഭ ഔദ്യോഗികമായി വിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് കരുതപ്പെടുന്നത്. നിലവില്‍ രണ്ട് കയ്യെഴുത്ത് പ്രതികളില്‍ മാത്രമാണ് സുവിശേഷങ്ങളുടെ സുറിയാനി ഭാഷയിലുള്ള പരിഭാഷയുള്ളതായി അറിയപ്പെട്ടിരുന്നത്. ഇതിനാണ് പുതിയ കണ്ടെത്തലിലൂടെ മാറ്റം വരുന്നത്. ഏറ്റവും പഴയതെന്ന് കരുതപ്പെടുന്ന ബൈബിള്‍ കയ്യെഴുത്ത് പ്രതി മെയ് മാസത്തില്‍ ലേലത്തില്‍ വരുമെന്ന് പ്രഖ്യാപനങ്ങള്‍ക്കിടെയാണ് പുതിയ കണ്ടെത്തലെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
أحدث أقدم