തമ്പാനൂർ : തിരുവനന്തപുരം തൈക്കാടുള്ള അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ വില്പന നടത്തിയതായി പരാതി. മൂന്നു ലക്ഷം രൂപ നല്‍കി കരമന സ്വദേശിയായ സ്ത്രീയാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. എന്നാല്‍ വിറ്റവരും വാങ്ങിയവരും പൊലീസ് വലയത്തിലെന്നാണ് സൂചന. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരെക്കുറിച്ച് പൊലീസ് ഔദ്യോഗിക വിവരം പുറത്തുവിടുന്നില്ല.
11 ദിവസം പ്രായമെത്തിയ കുഞ്ഞിനെ ഇവരില്‍ നിന്ന് തമ്പാനൂര്‍ പൊലീസ് തിരിച്ചുവാങ്ങി. സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ചാണ് വില്പന നടത്തിയിരിക്കുന്നത്. വില്പനയുമായി ബന്ധപ്പെട്ട് മാഫിയാ ഇടപെടലുണ്ടോ, ആശുപത്രി ജീവനക്കാരുടെ പങ്കുണ്ടോ എന്നെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്.
വില്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് സ്പെഷല്‍ബ്രാഞ്ച് പൊലീസിനെ അറിയിച്ചത്. പൊലീസില്‍ നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൂര്‍ണ ആരോഗ്യാവസ്ഥയാണ് കുഞ്ഞ്. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുക്കും.അതിനിടെ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.