മെയ് ആറിനാണ് ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ്. വെസ്റ്റ് മിനിസ്റ്റർ ആബെയിൽ ലോകത്തെ സാക്ഷിയാക്കി ചാൾസ് രാജാവ് ബ്രിട്ടന്റെ രാജാവായി അധികാരത്തിലേറുമ്പോൾ രാജകുടുംബത്തിന് കോടികൾ വിലമതിക്കുന്ന രത്‌നങ്ങളും മറ്റ് സ്വത്തുക്കളും കൂടിയാണ് ചാൾസ് രാജാവിന് ലഭിക്കുക.
രാജാധികാരത്തിന്റെ അടയാളമാണ് ബ്രിട്ടീഷ് രാജകുടുംബം തലമുറകളായി കൈമാറി വന്ന ആഭരണങ്ങൾ. 1660 മുതൽ നൂറിലേറെ പരമ്പരാഗത വസ്തുക്കളും 23,000 ൽ അധികം രത്‌നങ്ങളും ബ്രിട്ടിഷ് രാജകുടുംബത്തിന് സ്വന്തമായുണ്ട്. ഇതിൽ പ്രധാനം രാജാവിന്റെ കിരീടം തന്നെ. ലോകത്ത് മൂന്ന് പേർക്ക് മാത്രമേ ഈ കിരീടത്തിൽ സ്പർശിക്കാൻ അവകാശമുള്ളു. ഒന്ന് രാജാവ്, രണ്ട് കാന്റർബറി ആർച്ച് ബിഷപ്പ്, മൂന്ന് കിരീടം സൂക്ഷിപ്പുകാരൻ.
ലണ്ടനിലെ ടവറിൽ കഴിഞ്ഞ 800 വർഷമായി സൂക്ഷിക്കുന്നത് കോടികൾ വിലമതിക്കുന്ന രാജകീയ ആടയാഭരണങ്ങളാണ്. ഔദ്യോഗിക ചടങ്ങുകൾക്കും മറ്റും മാത്രമേ അവ കോട്ടയിൽ നിന്ന് പുറത്തെടുക്കുകയുള്ളു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണങ്ങൾക്ക് വില 1.2 ബില്യൺ മുതൽ 5.8 ബില്യൺ ഡോളർ വരെ വരും.