വാട്സാപ് വഴി ലഹരിമരുന്ന് വിൽപന നടത്തിയ 500 ലേറെ പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു

സാജൻ ജോർജ്ജ് 
ഷാർജ : വാട്സാപ് വഴി ലഹരിമരുന്ന് വിൽപന നടത്തിയ 500 ലേറെ പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. വാട്സാപിലൂടെയുള്ള ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകൾ റിപ്പോർട് ചെയ്തതായി  പൊലീസ് ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഇബ്രാഹിം അൽ അജൽ പറഞ്ഞു.  

ലഹരിമരുന്ന്, വ്യാജ ഉൽപന്നങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന 124 സമൂഹമാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തു. ഇൻറർനെറ്റിലൂടെ പ്രത്യേകിച്ച് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെ ലഹരിമരുന്നുകളുടെ പ്രചാരണം നടത്തുന്നത് പൊലീസിന് വെല്ലുവിളിയാണ്. അടുത്തിടെ നിയന്ത്രിത വേദനസംഹാരികൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ തുടങ്ങിയ വിവിധ തരം ലഹരിമരുന്നുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇയിലെ  ഫോൺ നമ്പറുകളിലേക്ക് ലഹരിമരുന്ന് വിൽപനക്കാർ ശബ്ദ സന്ദേശങ്ങളോ ടെക്‌സ്‌റ്റോ അയച്ചിരുന്നു. പല ഉപയോക്താക്കളും ഇന്റർനെറ്റ് വഴി ലഹരിമരുന്ന് വാങ്ങുകയും ഡീലർമാർക്ക് ഓൺലൈനായി പണം അയ്ക്കുകയും ചെയ്തതായി കണ്ടെത്തിയെന്നു ബ്രി. അൽ അജൽ പറഞ്ഞു. 

ചിലർ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും തുടർന്ന് വാട്സാപ് വഴി ലഹരിമരുന്ന് ലൊക്കേഷനെ കുറിച്ച് മനസിലാക്കി അവ കൈക്കലാക്കുകയും ചെയ്യുന്നു. സൈബർ കുറ്റകൃത്യങ്ങളും സംശയാസ്പദമായ പ്രവർത്തനങ്ങളും നിരീക്ഷിക്കാനും സമൂഹമാധ്യമം ദുരുപയോഗം ചെയ്യുകയും ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്യുന്നവരെ പിടികൂടാനും ഷാർജ പൊലീസിന്റെ ഓൺലൈൻ പട്രോളിങ് രാപ്പകൽ പ്രവർത്തിക്കുന്നുണ്ട്. . ഈ പട്രോളിങ് ഇതുവരെ 800 ക്രിമിനൽ രീതികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അൽ അജൽ വ്യക്തമാക്കി.
أحدث أقدم