സുഡാൻ രക്ഷാദൗത്യം; 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു, വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിക്കും

 ന്യൂഡൽഹി : ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. സുഡാനിൽ നിന്നും മൂന്ന് സംഘങ്ങളായി നാവിക സേനയുടെ ഐഎൻഎസ്‌ സുമേധയിലും വ്യോമസേനയുടെ വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ചത്. 

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. 

സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്തെത്തിയത്. പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ചും പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ജിദ്ദയിലേക്ക് എത്തിച്ചു. ഇവർക്കായി ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.


വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ച് പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതല്‍ പേരെ ജിദ്ദയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. 

3000 ലധികം ഇന്ത്യാക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്‌.
أحدث أقدم