പാർട്ടി വിട്ടവർക്ക് 'അദാനി'ബന്ധം; ട്രോളി രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്, ദയനീയമെന്ന് അനിൽ ആന്റണി

 ന്യൂഡൽഹി : കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണി അടക്കമുള്ളവരെ അദാനിയുടെ പേരിനോട് കോർത്തിണക്കി രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്.  

ഗുലാം നബി ആസാദ്‌, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റെഡ്ഡി, ഹിമന്ത ബിസ്വ സർമ അവസാനമായി കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയുടെയും പേരുകളിൽ നിന്നും ഓരോ അക്ഷരം എടുത്ത് 'അദാനി' എന്നെഴുതിയ ചിത്രീകരണമാണ് രാഹുൽ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 

'അവര്‍ സത്യം മറച്ചുവെക്കുന്നു. അതുകൊണ്ടാണ് എല്ലാ ദിവസവും അവര്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴും ചോദ്യം അതേപടി നിലനില്‍ക്കുകയാണ്... അദാനിയുടെ കമ്പനിയിയിലെ 20,000 കോടി ബിനാമി പണം ആരുടേതാണ്.. ?' എന്ന് അദ്ദേഹം കുറിച്ചു.

അതേസമയം ഒരു ദേശീയ പാർട്ടിയുടെ മുൻ പ്രസിഡന്റും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പറയപ്പെടുന്ന ആളുമായ രാഹുൽ ഗാന്ധി ഒരു ഓൺലൈൻ സെൽ ട്രോളിനെപ്പോലെ ആരോപണമുന്നയിക്കുന്നത് ദയനീയമാണെന്ന് അനിൽ ആന്റണി പ്രതികരിച്ചു.

തലമുതിർന്ന നേതാക്കൾക്കൊപ്പം തന്റെ പേരും കണ്ടതിൽ വിനയാന്വിതനാകുന്നു. ഒരു കുടുംബത്തിനു വേണ്ടിയല്ലാതെ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാനാണ് പാർട്ടിവിട്ടതെന്നും അനിൽ രാഹുലിനുള്ള മറുപടിയായി ട്വീറ്റിൽ പറഞ്ഞു.

രാഹുലിന്റെ ട്വീറ്റിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയും രം​ഗത്തെത്തി. വിഷയത്തിൽ കോടതിയിൽ കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 

കോൺ​ഗ്രസിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിനെതിരെ അദ്ദേഹം ട്വിറ്ററിലൂടെ രൂക്ഷവിമർശനം നടത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ 2015ലും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 2020ലും ഗുലാം നബി ആസാദ്‌ കഴിഞ്ഞവർഷവുമാണ്‌ കോൺഗ്രസ്‌ വിട്ടത്‌.

أحدث أقدم