തിരുവനന്തപുരം : എ.ഐ. ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളുടെ ജീവനാണോ വലുത് ഒരു നിയമം നടപ്പാക്കാതെ ഒഴിവാക്കുന്നതാണോ വലുത് എന്ന പ്രശ്‌നമാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കള്‍ നിയമം പാലിക്കുന്നത് നിര്‍ബന്ധമാണ്. കുട്ടികളെ ഒളിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല. കുട്ടികള്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. അസൗകര്യമുണ്ടെങ്കില്‍ ഹെല്‍മറ്റ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂളുകളില്‍ ഒരുക്കുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ട് നടപ്പിലാക്കുന്നത്.
കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ പറ്റില്ല. ഇപ്പോഴാണ് കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശം വന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണിത്. താത്കാലികമായ എളുപ്പത്തിന് വേണ്ടി അത് ഒഴിവാക്കാന്‍ പറ്റില്ലെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.
നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആദ്യം കുറച്ച് ദിവസം പ്രയാസങ്ങളുണ്ടാകുമായിരിക്കും. എല്ലാവരുടേയും ജീവന്‍ സംരക്ഷിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്‌നം.
ഒരു ബൈക്കില്‍ മൂന്നും നാലും കുട്ടികളെ കൊണ്ടുപോകാന്‍ പറ്റില്ല. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്‌കീം തയ്യാറാക്കിയിട്ടുണ്ട്.
വാഹനങ്ങളില്‍ അനുവദനീയമായ വിദ്യാര്‍ഥികളയേ കയറ്റാന്‍ പാടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.