ഭാര്യയെ ​ഗൾഫിൽ കൊണ്ടുപോകാമെന്ന് ബ്യൂട്ടിപാർലർ ഉടമ, എതിർത്ത് ഭർത്താവ്, കുടുംബ വഴക്കിനെ ചൊല്ലി പൊലീസ് സ്റ്റേഷനിലിട്ട് മർദ്ദനം: മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു


കൊല്ലം / ഓയൂർ : കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഓയൂരിൽ നിന്ന് കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്ത്  ജാമ്യത്തിൽവിട്ട യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൂയപ്പള്ളി നെല്ലിപ്പറമ്പ് അജി ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അജികുമാർ ആണ് മരിച്ചത്. 37 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. അജികുമാറിനെ കുടുംബപ്രശ്നത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്നും ഇതാണ് മകൻ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കാട്ടി പിതാവ് കൊല്ലം റൂറൽ എസ്.പി.ക്ക് പരാതി നൽകിയിട്ടുണ്ട്. കൊട്ടാരക്കര സി.ഐ.യും നഗരസഭാ മുൻ ചെയർമാൻ ഷാജുവും മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ടാപ്പിം​ഗ് തൊഴിലാളിയായിരുന്നു മരിച്ച അജി. ഇദ്ദേഹത്തിന്റെ ഭാര്യ ശാലിനി മൂന്നുവർഷമായി കൊട്ടാരക്കര ചന്തമുക്കിലുള്ള ലക്ഷ്മി ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു. പാർലർ ഉടമ ശാലിനിയെ ഗൾഫിലേക്ക് അയയ്ക്കാൻ ശ്രമിച്ചതിനെത്തുടർന്ന്‌ കുടുംബവഴക്ക് രൂക്ഷമായെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ശാലിനിയുടെ ​ഗൾഫ് യാത്ര എതിർത്ത അജി കഴിഞ്ഞ ബുധനാഴ്ച ശാലിനിയെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് ബ്യൂട്ടി പാർലർ ഉടമ അജിയെ ഫോണിൽവിളിച്ച് കാര്യം തിരക്കി. ഇതേത്തുടർന്ന് അജിയുമായി ബ്യൂട്ടിപാർലർ ഉടമ വാക്കേറ്റമുണ്ടാകുകയും ചെയ്തുവെന്നും അജിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അജിയുടെ വീട്ടിൽ പിങ്ക് പോലീസെത്തി ശാലിനിയെയും മക്കളെയും കൂട്ടി ബ്യൂട്ടി പാർലറിൽ എത്തിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് ബ്യൂട്ടി പാർലറിൽ എത്തിയ അജിയെ മക്കളെയും ഭാര്യയെയും കാണിക്കാൻ പാർലർ ഉടമ തയ്യാറായില്ല. അജിയെ സ്ഥാപനത്തിൽ നിന്ന് ഇറക്കിവിട്ടതായും ബന്ധുക്കൾ പറയുന്നുണ്ട്. ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെ കൊട്ടാരക്കര നഗരസഭാ മുൻ ചെയർമാൻ ഷാജു ഇയാളെ മർദിക്കുകയും സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നെന്ന് അജിയുടെ അച്ഛന്റെ പരാതിയിൽ പറയുന്നു. സ്റ്റേഷനിൽവെച്ച് ഭാര്യയുടെ മുന്നിലിട്ട് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർ മർദ്ദിച്ചെന്നും അജിയുടെ അച്ഛൻ പറയുന്നു. വളരെ വൈകി ഉറങ്ങാൻ കിടന്ന അജിയെ ഫാനിൽ തൂങ്ങിയനിലയിൽ കാണുകയായിരുന്നു. പൂയപ്പള്ളി പോലീസ് തുടർനടപടി സ്വീകരിച്ചു. അമ്മ: ഇന്ദിരയമ്മ. മക്കൾ: അപർണ, അദിൽ.
أحدث أقدم