കൊടുങ്ങൂർ(കോട്ടയം) : ചരിത്രത്തില്‍ ആദ്യമായ് കാഴ്ചയുടെ വിസ്മയമായി പിടിയാനകളുടെ ഗജമേള. കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായി ക്ഷേത്ര മൈതാനത്താണ് പിടിയാന സംഗമം നടന്നത്.
ആടയാഭരണങ്ങള്‍ ഇല്ലാതെ നടന്ന ഗജമേളയില്‍ കേരളത്തിലെ എണ്ണം പറഞ്ഞ ഒന്‍പത് ഗജറാണിമാര്‍ പങ്കെടുത്തു.
തോട്ടയ്ക്കാട് പഞ്ചാലി, പ്ലാത്തോട്ടം ബീന, വേണാട്ടുമറ്റം ചെമ്പകം, ഉള്ളൂര്‍ വേപ്പിന്മൂട് ഇന്ദിര, ഗുരുവായൂര്‍ ദേവി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, വേണാട്ടുമറ്റം കല്യാണി, കുമാരനെല്ലൂര്‍ പുഷ്പ, പ്ലാത്തോട്ടം മീര എന്നീ ഗജറാണിമാരാണ് അണിനിരന്നത്.
രാവിലെ കാവടിയാട്ടത്തിനും കാവടി അഭിഷേകത്തിനും ശേഷം എല്ലാ വര്‍ഷവും കൊടുങ്ങൂര്‍ ക്ഷേത്രത്തില്‍ തിടമ്പേറ്റുന്നത് പിടിയാനയാണ്. 2012 വരെ ക്ഷേത്രത്തിലെ പിടിയാനയായ വൈജയന്തിയാണ് തിടമ്പേറ്റിയിരുന്നത്. വൈജയന്തി ചരിഞ്ഞതോടെ മറ്റ് ആനകളെ തിടമ്പേറ്റാന്‍ എത്തിക്കുകയായിരുന്നു.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നടന്ന ഗജമേള കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയത്. പൂരം പ്രേമികള്‍ക്ക് ആവേശമായി ശൈലേഷ് വൈക്കത്തിന്റെ ഗജ വിവരണവും നടന്നു.
അതിഗംഭീരമായി നടന്ന കവടിയാട്ടത്തിനും ഗജമേളക്കും ശേഷം ഭക്തിസാന്ദ്രമായ ആറാട്ടോടെ കൊടുങ്ങൂര്‍ പൂരം കൊടിയിറങ്ങും .
രാവിലെ എട്ട് ദേശങ്ങളില്‍ നിന്നും എത്തിയ കാവടി ഘോഷയാത്രകളിലെ എടുപ്പുകാവടികളും നിശ്ചല ദൃശ്യങ്ങളും കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവമായി.
തൃക്കൊടുങ്ങൂര്‍ മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മിക്ക്
അഴകില്‍ ഒന്നാമതെത്തി കോട്ടയത്തിന്റെ സ്വന്തം ഗജറാണി തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി. ഗജമേളയില്‍ അണി നിരക്കുന്ന ഏറ്റവും നല്ല പിടിയാനയ്ക്ക് ക്ഷേത്ര ഉപദേശക സമതി നല്കുന്ന മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടമാണ് തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി സ്വന്തമാക്കിയത്.
കേരളത്തില്‍ ആദ്യമായി നടക്കുന്ന പെണ്‍ഗജമേളയില്‍ ലക്ഷണമൊത്ത ഗജറാണിക്കാണ് മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം നല്കിയത്.
പ്ലാത്തോട്ടം ബീന ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.
ശ്രീകുമാര്‍ അരുക്കുറ്റി, ശൈലേഷ് വൈക്കം, അഡ്വ. രാജേഷ് പല്ലാട്ട് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധ പാനലാണ് മികച്ച ഗജറാണിയെ തെരഞ്ഞെടുത്തത്.