മലയാളി യുവാവ് യുകെയിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചുകുഞ്ഞുപിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെയായിരുന്നു മരണം

പത്തനംതിട്ട : മലയാളി യുവാവ് യുകെയിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട പുന്നവേലി സ്വദേശിയായ ഷൈജു സ്‍കറിയ ജയിംസ് (37) ആണ് ഡെവണിന് സമീപം പ്ലിമത്തില്‍ ഡെറിഫോര്‍ഡ് യൂണിവേഴ്‍സിറ്റി എന്‍.എച്ച്.എസ് ആശുപത്രിയില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സൂചന.
ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്‍ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടിയെത്തിയത്. രണ്ട് വര്‍ഷം മുമ്പ് യുകെയില്‍ എത്തിയ അദ്ദേഹം നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്നു. പ്ലിമത്തില്‍ ബട്സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്‍സിറ്റി ആശുപത്രിയില്‍ ന്യൂറോ സര്‍ജറി യൂണിറ്റില്‍ നഴ്‍സാണ്. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലായിരുന്ന ഷൈജു മകനെ സ്‍കൂളില്‍ വിടുന്നതിനായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം ആശുപത്രിയില്‍ തിരിച്ചെത്തി ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സമയം ചിലവഴിച്ചു. ഉച്ചയോടെ ശുചിമുറിയില്‍ പോയി മടങ്ങിവരാമെന്ന് പറ‌ഞ്ഞ് പുറത്തിറങ്ങിയ ഷൈജു തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷൈജുവിന്റെ ഫോണിലേക്ക് ഭാര്യ പലതവണ വിളിച്ചെങ്കിലും കോള്‍ അറ്റന്‍ഡ് ചെയ്‍തില്ല. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആംബുലന്‍സ് ജീവനക്കാര്‍ സ്ഥലത്തെത്തി അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്ലിമത്തിലെ മലയാളി അസോസിയേഷനായ പി.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായ ഷൈജുവിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. പുന്നവേലി മുളയംവേലി മുരിക്കനാനിക്കല്‍ വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ജോളിമ്മയുടെയും മകനാണ് മരിച്ച ഷൈജു. മക്കള്‍ – ആരവ് (5), അന്ന (4 ദിവസം).
أحدث أقدم