ന്യൂഡല്‍ഹി : അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. സൂറത്ത് സെഷന്‍സ് കോടതിയാണ് അപ്പീല്‍ പരിഗണിക്കുന്നത്.
കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യുന്നപക്ഷം രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിനുള്ള അയോഗ്യത നീങ്ങും. എല്ലാ കള്ളന്മാര്‍ക്കും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് ഗുജറാത്തിലെ മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
കേസില്‍ ഗുജറാത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് രാഹുലിന്റെ ലോക്‌സഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ച് ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. സെഷന്‍സ് കോടതിയില്‍ രാഹുല്‍ നല്‍കിയ അപ്പീലില്‍ നിരത്തിയ വാദങ്ങള്‍ക്ക് പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ മറുപടിയും ഫയല്‍ ചെയ്തിട്ടുണ്ട്.
മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ സൂറത്തിന് പുറമെ, പട്‌ന അടക്കമുള്ള കോടതികളിലും ബിജെപി നേതാക്കന്മാര്‍ കേസ് നല്‍കിയിട്ടുണ്ട്.