ലഖ്‌നൗ : സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചായിരുന്നു ആക്രമണം. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ രണ്ടോ മൂന്നോ പേര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതായാണ് വിവരം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
മെഡിക്കല്‍ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച അതിഖ് ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ അക്രമികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. അതിഖ് അഹ്മദും സഹോദരന്‍ അഷ്‌റഫ് അഹ്മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്രാജില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു.
സമാജ്വാദി പാര്‍ട്ടി മുന്‍ എംപി യായ അതിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ അന്നത്തെ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. ഈ സംഭവത്തിലാണ് ഗുണ്ടാത്തലവനായ അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്‌റഫ്, ആസാദ്, ഗുലാം എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു.
സ്ഥിതി വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിഷന്റെ ജുഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.