ഡോ. എൻ. ഗോപാലകൃഷ്ണൻ അന്തരിച്ചു




എറണാകുളം: പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ. ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി ഒൻപത് മണിയോടെ
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം 6000-ൽ അധികം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം നിരവധി തവണ സന്ദർശിക്കുകയും ഇന്ത്യൻ, വിദേശ സർവകലാശാലകളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് 1999-ൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇന്ത്യൻ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവൻ സമയവും നീക്കി വെച്ചു. സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏക ശാസ്ത്രജ്ഞനാണ് അദ്ദേഹം.

28 വർഷത്തെ ഗവേഷണ പരിചയമുള്ള ഡോ. എൻ ഗോപാലകൃഷ്ണൻ ദേശീയ അന്തർദേശീയ ശാസ്ത്ര ജേണലുകളിൽ 50 ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7 പേറ്റന്റുകൾ, ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും വിദേശത്തുനിന്നും 9 ശാസ്ത്ര ജനകീയവൽക്കരണ അവാർഡുകൾ, രണ്ട് ഫെലോഷിപ്പുകൾ എന്നിവ നേടി. 60 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

أحدث أقدم