രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണനയില്ല' ; പ്രതിപക്ഷ പാർട്ടികളുടെ ഹർജി തള്ളി സുപ്രീം കോടതി



 ന്യൂഡൽഹി: കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ചുക്കൊണ്ട് പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. തുടർന്ന് പ്രതിപക്ഷ പാർട്ടികൾ ഹർജി പിൻവലിച്ചു.

 14 രാഷ്ട്രീയ പാർട്ടികളാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ഡി പ്രധിവാല എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി.
ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോ​ഗിച്ച് കേന്ദ്ര സർക്കാർ എതിരാളികൾക്കെതിരെ പ്രവ‍ർത്തിക്കുന്നുവെന്നായിരുന്നു ഹ‍‍ർജിയിലെ വാദം.

 സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെയുള്ള ആയുധമാക്കി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ വിമ‍ശിച്ചിരുന്നു.

 ഏജൻസികൾ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെയുള്ള Iതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ സുപ്രീംകോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

വസ്തുതാപരമായ സന്ദർഭമില്ലാതെ പൊതുവായ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബെഞ്ച് ഹർജി പരിഗണിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചത്.

 ആര്‍ക്കെങ്കിലും വ്യക്തിപരമായ പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാനും കേസ് പരിഗണിക്കാനും തയ്യാറാണ്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി പൊതുവായ മാനദണ്ഡം ഉണ്ടാക്കണമെന്ന് പറയുന്നത് അം​ഗീകരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു.

 കോൺ​ഗ്രസ്, സിപിഐഎം, സിപിഐ, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയ സമിതി, ത്രിണമൂൽ കോൺ​ഗ്രസ് തുടങ്ങിയ 14 പാ‍ർട്ടികളാണ് ഹ‍ർജി നൽകിയത്.


أحدث أقدم