തിരുവനന്തപുരം: നെടുമങ്ങാട് വെള്ളാഞ്ചിറ ആയിരവല്ലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് സംഭവം. ക്ഷേത്രത്തിലെ ശാസ്താവിന്റേയും ഗണപതിയുടേയും ശ്രീകോവിലുകൾക്ക് അക്രമികൾ തീയിടുകയായിരുന്നു. വാതിലുകൾക്ക് മുന്നിൽ വിറക് കൂട്ടിയിട്ട് തീവെയ്‌ക്കുകയായിരുന്നു. ശ്രീ കോവിലിന്റെ വാതിലുകൾ ഭാഗീകമായി കത്തി നശിക്കുകയും ചെയ്തു. സംഭവം ഇന്ന് പകൽ 11 മണിയോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ക്ഷേത്രത്തിന്റെ പ്രതിഷ്ടാവാർഷികം പ്രമാണിച്ച് പുരയിടം വൃത്തിയാക്കാൻ എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസിൽ അറിയിച്ചത്. മെയ് 2നാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം. നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
നെടുമങ്ങാട് സിഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. മോഷണ ശ്രമത്തെ തുടർന്നാണ് ക്ഷേത്ര ശ്രീകോവിലിന് തീയിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ക്ഷേത്ര ശ്രീകോവിലുകൾ നശിച്ചിട്ടില്ല. കൂടാതെ വിലപിടിപ്പുള്ള വസ്തുകൾ ഒന്നും നഷ്ടമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.