മുഖ്യമന്ത്രി പിണറായി വിജയന് അബൂദബിയിലും ദുബൈയിലും പൗരസ്വീകരണം നൽകും

അടുത്തമാസം യു എ ഇയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് അബൂദബിയിലും ദുബൈയിലും പൗരസ്വീകരണം നൽകും. മെയ് ഏഴിന് അബൂദബിയിലും, 10 ന് ദുബൈയിലുമാണ് സ്വീകരണ പരിപാടി. ദുബൈ അൽനാസർ ലിഷർലാൻഡിൽ ഒരുക്കുന്ന സ്വീകരണത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
യു എ ഇ സർക്കാറിന്റെ ക്ഷണം അനുസരിച്ച് അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തമാസം യു എ ഇയിലെത്തുന്നത്. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവരും ഒപ്പമുണ്ടാകും. ദുബൈയിലെ സ്വീകരണത്തിന് സ്വാഗതസംഘം രൂപീകരിക്കാൻ ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ നടന്ന യോഗത്തിൽ നോർക്ക ഡയറക്ടർ ഒ വി മുസ്തഫ അധ്യക്ഷത വഹിച്ചു.
ദുബൈയിലെയും മറ്റ് വടക്കൻ എമിറേറ്റുകളിലെയും മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളടക്കം 351 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. ലോകകേരള സഭാ അംഗങ്ങൾ ഉൾപ്പെടുന്ന 51 അംഗ പ്രവർത്തക സമിതിയെയും നിശ്ചയിച്ചു. നോർക്ക ഡയറകടർമാരായ എം എ യൂസഫലി, ഡോ. ആസാദ് മൂപ്പൻ, രവി പിള്ള, സി വി റപ്പായി, ജെകെ മേനോൻ എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. ചെയർമാനായി ഡോക്ടർ കെ പി ഹുസൈൻ, ജനറൽ കൺവീനറായി ഒ വി മുസ്തഫ എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ ജബ്ബാർ, ഷംലാൽ, വി എ ഹസൻ, കെ എം നൂറുദ്ദീൻ, ഷംസുദ്ദീൻ മുഹിയുദ്ദീൻ എന്നിവർ സഹ രക്ഷാധികാരികളാണ്. എൻ കെ കുഞ്ഞുമുഹമ്മദ്, രാജൻ മാഹി, ആർ പി മുരളി എന്നിവർ കോഡിനേറ്റർമാരായി പ്രവർത്തിക്കും.മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. മെയ് ഏഴിനാണ് അബുദാബിയിലെ പൗരസ്വീകരണം നടക്കുക.
أحدث أقدم