മൈസൂരു : ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആകര്‍ഷകമായ വേഷവിധാനത്തില്‍ കടുവാ സങ്കേതത്തില്‍ യാത്ര നടത്തിയതിന്റെ ചിത്രങ്ങള്‍ മോദി ട്വിറ്ററിലൂടെ പങ്കുവച്ചു. കറുത്ത തൊപ്പിയും കാക്കി പാന്റും ജാക്കറ്റും ധരിച്ചാണ് മോദി സഫാരി നടത്തിയത്.
ബൈനോക്കുലറിലൂടെ വന്യമൃഗങ്ങളെ നിരീക്ഷിക്കുന്ന മോദിയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കാമോഫ്ളാഷ് ടീ ഷര്‍ട്ടില്‍ മോദിയുടെ ലുക്ക് അതിഗംഭീരമെന്നാണ് ഫോട്ടോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്ന മറുപടികള്‍. ക്യാമറ ഉപയോഗിച്ച് മൃഗങ്ങളെ പകര്‍ത്തുന്ന മോദിയുടെ ചിത്രങ്ങളും ബിജെപി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു.
ബന്ദിപ്പുര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ദിരാഗാന്ധിയുടേതായിരുന്നു ആദ്യ സന്ദര്‍ശനം. ബന്ദിപ്പുരിലെ പരിപാടിക്ക് ശേഷം തമിഴ്‌നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിക്കും.
ഓസ്കർ പുരസ്കാരം നേടിയ ‘എലഫെന്‍റ് വിസ്പറേഴ്സി’ലെ ബൊമ്മനെയും ബെല്ലിയെയും കണ്ട് മോദി നേരിട്ട് അഭിനന്ദനമറിയിച്ചു.
കാട്ടിൽ പരിക്കേറ്റ് കണ്ടെത്തിയ രഘു എന്ന ആനക്കുട്ടിയെ ചേർത്തുനിർത്തിയ മുതുമലൈ വന്യജീവി സങ്കേതത്തിലെ ബൊമ്മനും ബെല്ലിയുടെയും കഥ ഓസ്കർ പുരസ്കാര തിളക്കത്തിലൂടെ ലോകം കണ്ടതാണ്. ആ ബൊമ്മനെയും ബെല്ലിയെയും നേരിട്ട് കാണാനും അഭിനന്ദനമറിയിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുതുമലൈയിലെ തെപ്പക്കാട് ആനക്യാമ്പിലെത്തിയത്. ആനകളെ തലോടിയും അവർക്ക് കരിമ്പ് നൽകിയും ബൊമ്മനോടും ബെല്ലിയോടും സംസാരിച്ചും മോദി സമയം ചെലവഴിച്ചു.
ഇന്നലെ രാത്രി മൈസുരുവിലെത്തിയ മോദി രാവിലെ ഏഴേകാലോടെയാണ് ബന്ദിപ്പൂരിലെ കടുവാസങ്കേതത്തിൽ എത്തിയത്. ബന്ദിപ്പൂർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
ഇവിടെ ഇരുപത് കിലോമീറ്റർ ടൈഗർ സഫാരി നടത്തിയ മോദി, ഒപ്പമുണ്ടായിരുന്ന വനപാലകരോടും സംവദിച്ചു.
മൈസുരുവിൽ കർണാടക ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രോജക്ട് ടൈഗറിന്‍റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കെടുക്കുന്ന മോദി, 2022 സെൻസസിൽ ഇന്ത്യയിൽ കണ്ടെത്തിയ കടുവകളുടെ എണ്ണവും പുറത്ത് വിടുന്നുണ്ട്. പ്രോജക്ട് ടൈഗറിന്‍റെ സ്മരണാർഥം അമ്പത് രൂപയുടെ നാണയവും മോദി പുറത്തിറക്കും.
1973-ൽ ഇന്ത്യയിൽ കുറഞ്ഞ് വരുന്ന കടുവകളെ സംരക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗർ.