മഞ്ഞവര മറികടന്നാല്‍ കുടുങ്ങും; ഓവര്‍ടേക്ക് ചെയ്താലും പിഴ; അറിയിപ്പ് മൊബൈലിലെത്തും; റോഡുകളില്‍ കാമറക്കണ്ണുകൾ... വിശദവിവരങ്ങൾ വായിക്കാം...



 തിരുവനന്തപുരം: റോഡുകളില്‍ ഇനി അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ കുടുങ്ങും. ട്രാഫിക് നിയമലംഘനം പിടികൂടാന്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 

ദേശീയ, സംസ്ഥാന പാതകളിലായി 726 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 

അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 കാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിന് നാലു ഫിക്‌സഡ് കാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ച നാലു കാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാന്‍ 18 കാമറകളും ഉണ്ടാകും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും തുടങ്ങും. 

റോഡുകളിലെ മഞ്ഞവര മറികടക്കുക, വളവുകളില്‍ വരകളുടെ അതിര്‍ത്തി കടന്ന് ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും.

 കാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹനഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ തന്നെ സന്ദേശം ആയി എത്തും. 

 പിഴത്തുക ഇങ്ങനെ...

അനധികൃത പാര്‍ക്കിങ്ങിന് 250 രൂപയാണ് കുറഞ്ഞ പിഴ. ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപ പിഴ നല്‍കണം. അമിത വേഗത്തിന് 1500 രൂപയാണ് പിഴ. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ നല്‍കേണ്ടി വരും. പുതിയ കാമറകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ, ഗതാഗത നിയമലംഘനങ്ങള്‍ കാര്യമായി കുറയ്ക്കാനാകുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
أحدث أقدم