ന്യൂഡൽഹി : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്‌വി ഭട്ടിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ കൊളീജിയം തീരുമാനിച്ചത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് എസ്.വി. ഭട്ടി. ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭട്ടി, 2019 മാര്‍ച്ച് 19 മുതല്‍ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. അതിന് മുമ്പ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു.
അതേസമയം മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ശുപാർശ തിരിച്ചു വിളിച്ചത്.
മുരളീധറിന് വിരമിക്കാൻ ഇനി നാലു മാസം കൂടി മാത്രമേ ബാക്കിയുള്ളൂവെന്നത് പരിഗണിച്ചാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം.