വന്ദേഭാരതില്‍ ചോര്‍ച്ച; ബോഗിയ്ക്കുള്ളിലേക്ക് വെള്ളമിറങ്ങി, ട്രോളൻമാർക്ക് ചാകര

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ചോർച്ച. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാർ ചോർച്ച അടച്ചു. ട്രയിനിലെ ചോർച്ചയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം നൂറ് കണക്കിന് ട്രോളുകൾ പ്രത്യക്ഷപ്പെട്ടു 


ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സർവീസ് ആരംഭിച്ച വന്ദേഭാരത്, ബുധനാഴ്ച കാസർകോടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ചൊവ്വാഴ്ച രാത്രി തന്നെ ട്രെയിൻ കാസർകോടുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു. വെള്ളം നിറയ്ക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കു വേണ്ടിയാണ് രാത്രി പതിനൊന്നു മണിയോടെ വന്ദേഭാരത് കണ്ണൂരിലെത്തിച്ചത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് നിർത്തിയിട്ടിരുന്നത്.

ചൊവ്വാഴ്ച കനത്ത മഴയായിരുന്നു കണ്ണൂരിൽ. അതിനു ശേഷം ഇന്നു പുലർച്ചെയാണ് ട്രെയിനിനുള്ളിലെ ചോർച്ച ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വലിയ ചോർച്ചയല്ലെന്നും ചെറിയ ചോർച്ച ആണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. ഒരു ബോഗിയ്ക്കുള്ളിൽ മാത്രമാണ് ചോർച്ചയുണ്ടായത്. എക്സിക്യുട്ടീവ് കോച്ചിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങിയത്.
അതേസമയം എ.സിയിൽനിന്ന് ലീക്കേജുണ്ടായി അത് സീറ്റിന്റെ അരികിലേക്ക് ഇറ്റുവീണതാണെന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ സജിത് കുമാർ പറഞ്ഞു. മഴ പെയ്തതിനെ തുടർന്നുണ്ടായ ചോർച്ചയല്ല സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോർച്ചയുണ്ടായത് വന്ദേഭാരതിന്റെ സർവീസിനെ ബാധിക്കില്ല. കാസർകോടുനിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് വന്ദേഭാരത് പുറപ്പെടുക. അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രെയിൻ കാസർകോട്ടേക്ക് തിരിച്ചു.
أحدث أقدم