വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റിൽ



 ചടയമംഗലം : സാമൂഹിക മാധ്യമത്തിലൂടെ വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍.

ചടയമംഗലം മണലയം ബിന്ദുവിലാസത്തില്‍ ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റുചെയ്തത്.

മാവേലിക്കര വാത്തികുളം സ്വദേശിയെ കാര്‍ഡിയോളജി എംഡി വിദ്യാര്‍ഥിനിയാണെന്നു വിശ്വസിപ്പിച്ച്‌ സുഹൃത്താക്കുകയും പിന്നീട് വിവാഹവാഗ്ദാനം നല്‍കിയ ശേഷം പഠനത്തിന്റെ ആവശ്യത്തിനെന്ന വ്യാജേനെ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. 

കോട്ടയം സ്വദേശിയില്‍നിന്ന് 10 ലക്ഷം രൂപ ഇവര്‍ സമാനരീതിയില്‍ തട്ടിയെടുത്തതായി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊല്ലം സൈബര്‍ സ്റ്റേഷനില്‍ എത്തിയ ബിന്ദുവിനെയും സുഹൃത്തിനെയും കുറത്തികാട് പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 കേസില്‍ ബിന്ദുവിന്റെ മകന്‍ മിഥുന്‍ മോഹന്‍ പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായും പോലീസ് അറിയിച്ചു.

കുറത്തികാട് ഇന്‍സ്പെക്ടര്‍ ബി ബൈജു, സീനിയര്‍ സിപിഒ ഷാജിമോന്‍, സിപിഒമാരായ സാദിഖ് ലബ്ബ, രമ്യ, അനീഷ് ജി. നാഥ്, നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

أحدث أقدم