മൂന്ന് പെണ്‍മക്കള്‍ കിണറ്റില്‍ മരിച്ചനിലയില്‍, അമ്മയെ കാണാനില്ല; ദുരൂഹത


 
 ഭോപ്പാല്‍ : മധ്യപ്രദേശില്‍ മൂന്ന് സഹോദരിമാരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ആറിനും രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ അമ്മയും കിണറ്റില്‍ ഉണ്ടെന്ന നാട്ടുകാരുടെ അവകാശവാദത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. നാട്ടുകാരാണ് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തിയത്. അമൃത(6), ജ്യോതി (4), പ്രീതി (2) എന്നിവരാണ് മരിച്ചത്.അമ്മയ്‌ക്കൊപ്പം മൂന്ന് പെണ്‍മക്കള്‍ കിണറ്റില്‍ മുങ്ങി മരിച്ചു എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്തേയ്ക്ക് പോയതെന്ന് പൊലീസ് പറയുന്നു.


കുട്ടികളുടെ അച്ഛന്‍ ബന്ധുവിനെ കാണാന്‍ ഗ്രാമത്തിന് വെളിയില്‍ പോയിരുന്നു. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയെയും മക്കളെയും കാണാതായി. വീട്ടിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെ ഗ്രാമത്തിന് വെളിയില്‍ ഭാര്യ മാങ്ങ പൊട്ടിക്കുന്നത് കണ്ടു എന്ന് ഗ്രാമവാസികളില്‍ ചിലര്‍ ഭര്‍ത്താവിനോട് പറഞ്ഞു. 


ഇതനുസരിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറ്റില്‍ മരിച്ചനിലയില്‍ കുട്ടികളെ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. അമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.
أحدث أقدم