കുറുപ്പന്തറ: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. കാറുകളിൽ യാത്രചെയ്ത എറണാകുളം മാവേലിനഗര്‍ കിഴക്കേമേച്ചേരിയില് കെ. ജെ. തോമസ് (68), ഭാര്യ മോളി തോമസ് (58), എറണാകുളം തിരുവാങ്കുളം മാവേലിക്കല് എം.ജെ. ചാക്കോ (73), അതിരമ്പുഴ വഞ്ചിക്കാപാറയില് ജോണ്സണ് (40), എരുമേലി ചെരുവില്‍ സി.കെ. രാജന് (58), കിടങ്ങൂര്‍ മങ്ങാട്ട് മനോജ് മാത്യു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കുറുപ്പന്തറ പഴേമഠം ജംഗ്ഷനുസമീപം ആണ് അപകടം. കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന സാന്‍ട്രോ കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ അല്പസമയം വാഹനഗതാഗതം തടസപെട്ടു. അപകടത്തില്‍പ്പെട്ടവർ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.