സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആർ.എസ്.എസ് ആക്രമണം


തിരുവനന്തപുരം പോത്തൻകോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആർ.എസ്.എസ് ആക്രമണമെന്ന് പരാതി. മംഗലത്ത്നട ബ്രാഞ്ച് സെക്രട്ടറി അനീഷിനാണ് മർദനമേറ്റത്. ക്ഷേത്രത്തിലെ പരിപാടി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം. ആർ.എസ്.എസ് പ്രവർത്തകനായ മനു സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അനീഷിനെ വിളിച്ചുവരുത്തി. കൂടെയുണ്ടായിരുന്ന വിനീഷ്, സുനിൽകുമാർ, ദിലീപ് എന്നിവരും ചേർന്നാണ് മർദിച്ചതെന്ന് അനീഷ് പറഞ്ഞു. മർദനത്തിൽ അനീഷിന്റെ കൈയ്ക്കും കണ്ണിനും പരിക്കേറ്റു. തച്ചപള്ളി ഊരുട്ടമ്പലം ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് അനീഷ് പറഞ്ഞു.

പരിക്കേറ്റ അനീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പോത്തൻകോട് പ്രതിഷേധ മാർച്ച് നടത്തി. അനീഷിന്റെ പരാതിയിൽ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡി.വൈ.എഫ്.ഐ മംഗലത്ത്നട യൂണിറ്റ് സെക്രട്ടറി നിജുവിനെയും അനീഷിനെയും വകവരുത്തുമെന്ന് പ്രതികൾ ഭീഷണി മുഴക്കിയിരുന്നതായും പരാതിയിൽ പറയുന്നു.
أحدث أقدم