പൊലീസ് മർദിച്ചെന്ന പരാതി… പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്



എറണാകുളം: നോർത്ത് പൊലീസ് അകാരണമായി മർദിച്ചുവെന്ന യുവാവിന്റെ പരാതിയിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. യുവാവിന് പൊലീസ് മർദനമേറ്റെന്നും യുവാവിന്റെ മൊഴി സാധൂകരിക്കുന്നതാണ് ഡോക്ടറുടെ സർട്ടിഫിക്കറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെൻട്രൽ എ.സി.പി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോർത്ത് സി.ഐ അടക്കമുള്ളവർക്കെതിരെ നടപടി ഉണ്ടാകും.

ഈ മാസം ആദ്യമാണ് എറണാകുളം നോർത്ത് പൊലീസ് അകാരണമായി മർദിച്ചുവെന്ന പരാതിയുമായി കാക്കനാട് സ്വദേശി റിനീഷ് രംഗത്തുവന്നത്. റിനീഷിന്‍റെ മുഖത്തും കാലിനുമാണ് മർദനമേറ്റത്. സി.ഐ പ്രതാപചന്ദ്രൻ കാലിൽ ലാത്തി വച്ച് അടിച്ചെന്നും ശേഷം മുഖത്ത് അടിച്ചെന്നുമായിരുന്നു റിനീഷിന്‍റെ പരാതി.
എന്നാൽ റിനീഷിനെ മർദിച്ചിട്ടില്ലെന്നും നോർത്ത് പാലത്തിന് സമീപം ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും ഇതിന്‍റെ ഭാഗമായി നടത്തിയ പെട്രോളിങ്ങിലാണ് റിനീഷിനെ ചോദ്യം ചെയ്തതെന്നുമായിരുന്നു പൊലീസിന്‍റെ വാദം. സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
أحدث أقدم