കോഴിക്കോട് : ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി.
റെയിൽവേ പൊലീസ് സമർപ്പിച്ച എഫ്ഐആറിലാണ് 302 ഐപിസി സെക്ഷൻ ചേർത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. അതിനിടെ, ഷാറൂഖ് സെയ്ഫിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു.
പ്രതി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളജിലെത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് നടപടി പൂർത്തിയാക്കിയത്. ഇയാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
ഇന്ന് രാവിലെ പ്രതിയെ കോടതിയിലെത്തിക്കുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീട് കോഴിക്കോട് സിജെഎം ഒന്നാം കോടതി മജിസ്ട്രേറ്റ് മെഡിക്കൽ കോളജിലെത്തുകയായിരുന്നു. ഇന്നലെ മുതൽ ഇവിടെ ചികിത്സയിലാണ് ഷാറൂഖ് സെയ്ഫി.
14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിക്കായി ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണറടക്കമുള്ള പൊലീസുകാർ മെഡിക്കൽ കോളജിലുണ്ടായിരുന്നു. 25-ാം വാര്‍ഡിലെ സെല്ലിലാണ് പൊലീസ് കാവലിൽ പ്രതി ചികിത്സയിൽ കഴിയുന്നത്.