യുവാവ് വില്‍പനയ്ക്കായി വാങ്ങിയ കാറുകള്‍ തകര്‍ത്തു


 

 തിരുവനന്തപുരം : കാട്ടാക്കടയില്‍ യുവാവ് വില്‍പനയ്ക്കായി ലേലത്തില്‍ വാങ്ങിയ കാറുകള്‍ അടിച്ചു തകര്‍ത്ത് ഭീഷണിയുമായി ഒരു സംഘം. കാട്ടാക്കട കിള്ളിയിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളാണ് സംഘം തകര്‍ത്തത്. കിള്ളി സ്വദേശിയായ അസ്ലം കാറുകള്‍ ലേലത്തില്‍ പിടിച്ചതിന്‍റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു അതിക്രമം എന്നാണ് സംശയിക്കുന്നത്. 


പുലര്‍ച്ചെ ജെറമി എന്നയാളുടെ നേതൃത്വത്തിലാണ് ചിലര്‍ അല്‍സലും മന്‍സില്‍ അസ്ലമിന്‍റെ വീട്ടിലേക്ക് സംഘം ചേര്‍ന്ന് എത്തിയത്. പുരയിടത്തിലേക്ക് അതിക്രമിച്ച് കയറിയ ഇവര്‍ അസ്ലമിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.


എന്നാല്‍ വന്നവരുടെ ലക്ഷണത്തില്‍ പന്തികേട് തോന്നിയ അസ്ലം ഇവരോടെ രാവിലെ സംസാരിക്കാം എന്ന് വിശദമാക്കുകയായിരുന്നു. ഇതോടെ സംഘം അസഭ്യം പറയാന്‍ ആരംഭിക്കുകയും അസ്ലമിനെ കണ്ടിട്ടേ പോകൂവെന്നും ആക്രോശിക്കാനും തുടങ്ങി. 


അസ്ലം പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ജനലിലും മറ്റും സംഘത്തിന്‍റെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. പിന്നാലെ വീടിന് മുന്നിൽ ഉണ്ടായിരുന്ന ഇന്നോവ, വാഗണർ വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്യുകയായിരുന്നു. വാഹന കച്ചവടമാണ് അസ്ലം ചെയ്യുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന്വാഹനം ലേലത്തില്‍ പിടിച്ചും അല്ലാതെയും വാങ്ങിയാണ് വില്‍പന നടത്തുന്നത്.
أحدث أقدم