കോട്ടയം, ചങ്ങനാശേരി, ചെത്തിപുഴ സ്വദേശി അഭിലാഷ് ടോമി ലോകത്തിലെ ഏറ്റവും സുപ്രധാന ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ,ആദ്യ ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി


✍🏻 Jowan Madhumala

കോട്ടയം : ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്. ബയാനത്ത് എന്ന പായ്‌വഞ്ചിയിലായിരുന്നു അഭിലാഷ് ടോമിയുടെ പോരാട്ടം. ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റൻ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോൾഡന്‍ ഗ്ലോബ് റേസ് കിരീടം.

ഗോൾഡൻ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കിരീടം നേടിയത്. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്ത് മുന്നിലെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ന്യൂഷാഫർ ലീഡ് തിരിച്ച് പിടിച്ചു. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവർണ നേട്ടം കരസ്ഥമാക്കിയത്.

ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നാണ് ഗോൾഡന്‍ ഗ്ലോബ് റേസ്. 1968ല്‍ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ ലോകം ചുറ്റിവരുന്നതാണ് മത്സരം. സെപ്റ്റംബറില്‍ തുടങ്ങിയ ഗോൾഡന്‍ ഗ്ലോബ് റേസില്‍ പതിനാറ് താരങ്ങൾ മല്‍സരിക്കാനിറങ്ങിയിരുന്നു. എന്നാൽ മത്സരം അവസാനിക്കാറായപ്പോൾ അഭിലാഷ് ടോമിയടക്കം മൂന്ന് പേർ മാത്രമാണ് അവശേഷിച്ചത്.

ഇപ്പോൾ എറണാകുളത്ത് താമസിക്കുന്ന ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടിൽ വി.സി. ടോമിയുടെ മകനാണ് അഭിലാഷ് ടോമി. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ലെഫ്റ്റ്നന്റ്കമാൻഡറായ അഭിലാഷ് പരസഹായം കൂടാതെ, നിർത്താതെ പായ് വഞ്ചി തുഴഞ്ഞ് ലോകം ചുറ്റിയത്. യാത്ര ആരംഭിച്ചിടത്ത് തന്നെ അവസാനിപ്പിക്കുമ്പോൾ 157 ദിവസം കഴിഞ്ഞിരുന്നു. 22000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ച ഇദ്ദേഹം ഈ കാലയളവിൽ കപ്പൽ ഒരു തുറമുഖത്തും അടുപ്പിച്ചിരുന്നില്ല. ആരുടേയും സഹായം തേടിയതുമില്ല. ഇദ്ദേഹത്തിന് കീർത്തിചക്ര പുരസ്കാരവും ടെൻസിങ് നോർഗെ നാഷ്ണൽ അഡ്വഞ്ചർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.


أحدث أقدم