പത്തനംതിട്ട: മന്ത്രി വീണ ജോർജിനെതിരെ പോസ്റ്റർ പതിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഏബേൽ ബാബു, റിനു പി രാജൻ എന്നിവരാണ് പോസ്റ്റർ പതിച്ചത്. 48 മണിക്കൂറിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ഇവർക്ക് നിർദേശം നൽകി. മന്ത്രിയെ അപമാനിച്ചതിന് കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. സി.പി.എം അനുഭാവി സോഹിൽ വി സൈമണിന്റെ പരാതിയിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തകൻ കൂടിയായ ഏബൽ ബാബുവിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം രാത്രി വൈകി ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തിയ പൊലീസുകാരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ തടഞ്ഞിരുന്നു. സ്ത്രീകൾ മാത്രമുളള്ള വീട്ടിൽ പോലീസ് പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.