കൊച്ചി: പ്രതീക്ഷകൾ തെറ്റിച്ച് മോദി. ചോദ്യമായി കാത്തിരുന്നവർക്കും നിരാശ. ബിജെപി സംഘടിപ്പിച്ച യുവം 2023 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി ഉദ്ഘാടന പ്രസംഗത്തില്‍ ഒതുങ്ങി. യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രസംഗിക്കുക മാത്രമാണുണ്ടായത്. ഇക്കാര്യം ചൂണ്ടികാട്ടി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും ട്രോളുകളും നിറയുകയാണ്.’ഒരു മണിക്കൂര്‍ മന്‍ കി ബാത്ത്, പവനായി ശവമായി’ എന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു
.
സ്‌ക്രിപ്റ്റഡ് ചോദ്യങ്ങളില്‍ നിന്ന് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയാണെന്ന് എംപിയും ഡിവൈഎഫ്‌ഐ നേതാവുമായി എഎ റഹീം വിമര്‍ശിച്ചു. പ്രധാനമന്ത്രിയുമായി യുവാക്കള്‍ക്ക് സംവദിക്കാം. എന്നാല്‍ സംവാദം നടന്നില്ല, ഒരു ചോദ്യം പോലും ആര്‍ക്കും ചോദിക്കാന്‍ കഴിഞ്ഞില്ലെന്ന് എഎ റഹീം ചൂണ്ടികാട്ടി.
‘പി.ആര്‍ വര്‍ക്കില്‍ അഭിരമിക്കുന്ന, ചോദ്യങ്ങളെ ഭയപ്പെടുന്ന നരേന്ദ്രമോദിയ്ക്കും സംഘത്തിനും, ധൈര്യമുണ്ടോ ഒരു സ്വാതന്ത്ര പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍.?’ എന്ന് കെഎസ്‌യു മുന്‍ അധ്യക്ഷന്‍ കെ എം അഭിജിത്ത് ചോദിച്ചു.
ചോദ്യോത്തരവേള പ്രതീക്ഷിച്ച യുവതയില്‍ നിന്നും മോദി ഒളിച്ചോടുകയാണെന്നും, ഇന്ന് ഇക്കാര്യം ശരിക്കും ബോധ്യപ്പെട്ടെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുവം പരിപാടിയില്‍ യുവാക്കളുടെ ചോദ്യത്തിന് മറുപടി നല്‍കുമെന്നായിരുന്നു ബിജെപി പ്രചാരണം. എന്നാല്‍ സംവാദത്തിന് പകരം മോദിയുടെ അഭിസംബോധന ഒരു മണിക്കൂര്‍ നേരത്തെ പ്രസംഗത്തില്‍ ഒതുങ്ങി കേരളത്തെ പുകഴ്ത്തിയും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും യുവം വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു. ‘പ്രിയ മലയാളി യുവ സുഹൃത്തുക്കളെ നമസ്‌കാരം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യം വേഗത്തില്‍ വളരുമ്പോള്‍ അതില്‍ കേരളത്തിന് പങ്കുണ്ട്. എന്നാല്‍ രണ്ട് മുന്നണികളുടെ തമ്മിലടിയില്‍ കേരളത്തില്‍ അഴിമതി വളരുന്നു. ഒരു പാര്‍ട്ടി സ്വന്തം പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു മറ്റൊന്ന് ഒരു കുടുംബത്തിന്റെ താത്പര്യം സംരക്ഷിക്കുന്നു. അഴിമതി കേരളത്തിലെ യുവതയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.