ഞെട്ടിക്കുന്ന കൈക്കൂലി; പാലക്കാട് വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത് ഒരു കോടി; 17കിലോ നാണയശേഖരം


 പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിൻ്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് പിടിച്ചെടുത്തത് ഒരുകോടി രൂപയിലേറെ സമ്പത്ത്. പണമായി മാത്രം 35 ലക്ഷം രൂപ കണ്ടെടുത്തു. 

45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് രേഖകളും, കൂടാതെ 17 കിലോ വരുന്ന നാണയശേഖരവും കണ്ടെത്തി. പിടിച്ചെടുത്തവയെല്ലാം കൈക്കൂലി പണമാണെന്ന് വിജിലന്‍സ് അറിയിച്ചു. 

വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങൂന്നതിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ അറസ്റ്റിലായത്. മഞ്ചേരി സ്വദേശിയായ പരാതിക്കാരന്‍ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കര്‍ സ്ഥലത്തിന്റെ ലൈക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫില്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശം ആണെന്ന് അറിഞ്ഞു.

ഇതോടെ സുരേഷ് കുമാറിനെ ഫോണ്‍ വിളിച്ചപ്പോള്‍ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണവുമായി മണ്ണാര്‍ക്കാട് താലുക്ക് തല റവന്യ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജിൽ എത്താനും ആവശ്യപ്പെട്ടു.
 .ഇതോടെ പരാതിക്കാരന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിച്ചു. പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ് കുമാറിനെ കുടുക്കിയത്.

أحدث أقدم