കൊല്ലം : അഞ്ചലിൽ പട്ടാപ്പകൽ മുഖംമൂടി സംഘത്തിന്‍റെ കവര്‍ച്ച. കൈപ്പള്ളി സ്വദേശി നസീറിന്‍റെ വീട്ടിൽ നിന്ന് 23 ലക്ഷം രൂപ കവർന്നു.
വീട്ടുടമയുടെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു മുഖംമൂടി സംഘത്തിന്റെ കവർച്ച. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെ സ്ത്രീകൾ പ്രാര്‍ഥിക്കാൻ പോയ സമയത്തായിരുന്നു കവര്‍ച്ച.
മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം നസീറിന്‍റെ മകൻ സിബിൻ ഷായെ കെട്ടിയിട്ടു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ തലയിൽ ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന 23 ലക്ഷം രൂപ കവര്‍ന്നത്.
വീട്ടിൽ പണം സൂക്ഷിച്ചിരുന്ന കാര്യം അറിയാവുന്ന ആളുകൾ നടത്തിയ കവർച്ചെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചലിൽ നസീറിന്‍റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനം മറ്റൊരാൾക്ക് വിറ്റിരുന്നു.
വിൽപ്പന കരാറിന്‍റെ അഡ്വാൻസ് ലഭിച്ച പണമാണ് മോഷണം പോയതെന്നാണ് വീട്ടുകാരുടെ മൊഴി. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടന്ന വീട്ടിലെത്തിത്തി തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
വീടിന്‍റെ മുകളിലത്തെ നിലയുടെ പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്തു കടന്നുവന്നാണ് വീട്ടുകാരുടെ മൊഴി.
അറുത്തു മാറ്റിയ ഒരു പൂട്ടും കൈയുറകളും പൊലീസ് കണ്ടെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.