വിമാനത്തിൽ ഇരുന്ന് ബീഡി വലിച്ച 56 കാരൻ പിടിയിൽ !

അഹമ്മദാബാദില്‍ നിന്നും ബംഗലുരുവിലേക്ക് നടത്തിയ പറക്കലിനിടയില്‍ ആകാശത്ത് വെച്ച് ബീഡിവലിച്ച് സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കിയെന്ന കുറ്റത്തിന് അറസ്റ്റിലായത് ഒരു 56 കാരനായിരുന്നു.

ചൊവ്വാഴ്ച മദ്ധ്യാഹ്നത്തില്‍ കെമ്പാഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെഐഎ) വിമാനം ഇറങ്ങിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ പാലി ജില്ലയിലെ മാര്‍വാര്‍ ജംഗ്ഷന്‍ പ്രദേശവാസിയായ എം പ്രവീണ്‍കുമാറാണ് അറസ്റ്റിലായത്. ഇയാളെ ബംഗലുരു സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ബീഡി വലിച്ചതിന് ഒരാള്‍ അറസ്റ്റിലാകുന്ന സംഭവം ഇതാദ്യമാണ്. വിമാനത്തിലിരുന്ന് സിഗററ്റ് കത്തിച്ചതിന് ഈ വര്‍ഷം രണ്ടു പേര്‍ക്കെതിരേ കെഐഎ കേസെടുത്തിരുന്നു. അതേസമയം താന്‍ കൂലിപ്പണിക്കാരനാണെന്നും ആദ്യമായിട്ടാണ് വിമാനത്തില്‍ കയറുന്നതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

അതേസമയം ഈ വര്‍ഷം പിടിച്ച ആദ്യ രണ്ടുകേസുകളിലും ഇരകള്‍ക്ക് വിമാനത്തിനുള്ളില്‍ പുകവലി കര്‍ശനമായി നിരോധിച്ചിരിക്കുന്ന കാര്യമാണെന്ന് അറിയാമായിരുന്നു. എന്നാല്‍ കുമാറിന്റെ വിഷയത്തില്‍ അയാള്‍ വിമാനത്തില്‍ കയറുന്നത് ആദ്യമാണെന്നും വിമാനത്തില്‍ പുകവലി പാടില്ലെന്നുള്ള നിയമം അയാള്‍ക്കറിയില്ലായിരുന്നു എന്നും അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍വാറിലെ ഒരു കൂലിപ്പണിക്കാരനാണ് കുമാര്‍. ബന്ധത്തില്‍ പെട്ട ഒരാള്‍ മരണപ്പെട്ടതിനാല്‍ വേഗം എത്താന്‍ വേണ്ടിയാണ് വിമാനത്തില്‍ കയറിയതെന്നാണ് ഇയാള്‍ പറഞ്ഞത്.

സാധാരണഗതിയില്‍ ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളതെന്നും ട്രെയിന്റെ ടോയ്‌ലറ്റില്‍ ഇരുന്ന് വലിക്കാറുണ്ടായിരുന്നെന്നും അതുപോലെയാകും വിമാനത്തിലെന്ന് ചിന്തിച്ചു പോയെന്നും ഇയാള്‍ പറഞ്ഞു
أحدث أقدم