സുരക്ഷയ്ക്ക് 56.63 ലക്ഷം; ചെലവ് കുറയ്ക്കാൻ നിർദേശിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി



 ന്യൂഡല്‍ഹി. : അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്ക്‌ അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

 ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അകമ്പടി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.



കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യത്തിനെതിരെയാണ് അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.

 ബെംഗളൂരുവില്‍ തനിക്ക് ഒരു പോലീസുകാരനാണ് സുരക്ഷ നല്‍കുന്നതെന്നും കേരളത്തിലേക്ക് പോകുമ്പോള്‍ ഇരുപത് പോലീസുകാര്‍ അകമ്പടിയായി ഒപ്പം ഉണ്ടാകുമെന്നാണ് പറയുന്നതെന്ന് മഅദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.



ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. ഇത് സുരക്ഷയ്ക്കായി വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കുന്ന തുകയാണെന്ന് മഅദനിയുടെ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി.

സുരക്ഷ ഭീഷണിയും റിസ്‌കും പരിശോധിച്ചാണ് തുക കണക്കാക്കിയതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.



 2018-നെക്കാള്‍ സുരക്ഷയ്ക്ക് ചെലവ് കൂടി. അതിനാലാണ് മുമ്പ് മഅദനി കേരളത്തിലേക്ക് പോയപ്പോള്‍ ഈടാക്കിയതിനെക്കാളും കൂടിയ തുക ഈടാക്കുന്നത്. ഒരു സമയം ആറ്‌ പോലീസുകാരുടെ സുരക്ഷ മാത്രമേ മഅദനിക്ക് ഉണ്ടാകുകയുള്ളുവെന്നും മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് സുരക്ഷാ പോലീസുകാര്‍ പ്രവര്‍ത്തിക്കുകയെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മഅദനിയുടെ ആവശ്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
أحدث أقدم