തൃശ്ശൂർ: ഒല്ലൂരിൽ വീടിന് പിറകിലെ സെപ്റ്റിക് ടാങ്കിൽ വീണ് കിടന്ന 62-കാരിക്കും രണ്ട് വയസുകാരിക്കും രക്ഷകരായി അഗ്നിരക്ഷാസേന. കോർപറേഷൻ ഡിവിഷൻ 31 -ൽ ഒല്ലൂരിൽ വീടിനു പിറകുവശത്തുള്ള ഉപയോഗിക്കാത്ത ബലക്ഷയമുള്ള സെപ്റ്റിക് ടാങ്കിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. കൊച്ചുമകളായ സിയയെ എടുത്ത് സെപ്റ്റിക് ടാങ്കിന് മുകളിലൂടെ നടക്കുകയായിരുന്നു റീമ. ഈ സമയത്ത് സ്ലാബ് ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സെപ്റ്റിക് ടാങ്കിനകത്തേക്ക് വീണ സ്ത്രീയുടെ കാൽ സ്ലാബിന് അടിയിൽ കുടുങ്ങി. ഇതോടെ കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇരിക്കുകയായിരുന്നു അവർ.
തുടർന്ന് തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. ടാങ്കിന് അകത്ത് ഇറങ്ങി ആദ്യം സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിച്ചു. തുടർന്ന് കാലിൽ പരുക്ക് പറ്റിയ സ്ത്രീയെ മറ്റ് പരുക്കുകൾ കൂടാതെ സുരക്ഷിതമായി പുറത്ത് എത്തുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ദിനേശ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നവനീത കണ്ണൻ, ദിനേശ്, സജിൻ, ജിമോദ്, അനിൽകുമാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു