ചങ്ങനാശ്ശേരി സ്വദേശിനിയായ സ്ത്രീയിൽ നിന്നും ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി അറസ്റ്റിൽ,,കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും ആണ് പ്രതിയെ പിടികൂടിയത്



കോട്ടയം: ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് വീട്ടമ്മയിൽ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശിനിയായ സ്ത്രീയിൽ നിന്നാണ് ഇയാൾ 81 ലക്ഷം രൂപ തട്ടിയെടുത്തത്. നൈജീരിയൻ സ്വദേശിയായ ഇസിചിക്കു(26) ആണ് കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു. അന്ന മോർഗൻ എന്ന യുകെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ടിലൂടെയായിരുന്നു തട്ടിപ്പ്. വ്യാജ അക്കൗണ്ട് വഴി വീട്ടമ്മയെ പരിചയപ്പെടുകയും കൂടുതൽ ബന്ധം സ്ഥാപിക്കുകയുമായിരുന്നു. പലപ്പോഴായിട്ട് 81 ലക്ഷം രൂപയാണ് വീട്ടമ്മയിൽ നിന്ന് ഇയാൾ കൈക്കലാക്കിയത്. 2021ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിൽ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു. അതിന് ശേഷം മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയെ ഫോണിലൂടെ ഇയാൾ ബന്ധപ്പെട്ടു. യുകെയിൽ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22000 രൂപ അടയ്‌ക്കണമെന്നും ഇയാൾ വീട്ടമ്മയോട് ആവശ്യപ്പെട്ടു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചുകൊടുത്തതോടെ വിശ്വസിച്ച ഇവർ പ്രതി ആവശ്യപ്പെട്ട പണം നൽകുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി വിമാനത്താവളങ്ങളിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് വീട്ടമ്മയെ തെറ്റിധരിപ്പിക്കയും പണം ആവശ്യപ്പെടുകയും ചെയ്തു. വിദേശത്ത് നിന്ന് വന്ന സമ്മാനത്തുക കൈപ്പറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയും സ്വർണ്ണം വിറ്റും ഇവർ വീണ്ടും പണം അയച്ചു നൽകുകയായിരുന്നു.

തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന് മനസിലായ വീട്ടമ്മ 2022 ജൂലൈയിൽ പോലീസിൽ പരാതി നൽകുകയും സൈബർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയത് ഡൽഹിയിൽ നിന്നുമാണെന്ന് മനസ്സിലാകുന്നത്. കേസിൽ മറ്റ് പ്രതികൾ ഉണ്ടോയെന്നും ഇയാൾ ഇതുപോലെ മറ്റ് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു
أحدث أقدم