ചേർത്തല : സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത ആന്ധ്ര സ്വദേശികളായ സ്ത്രീകളെ മാലയുടെ ഉടമയായി സ്ത്രീ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരുപ്പൂർ ചെട്ടിപ്പാളയം കോവിൽ വളവ് ഡോർ നമ്പർ 13 ൽ താമസിക്കുന്ന ദേവി (39) ശിവ (36) എന്നിവരാണ് പിടിയിലായത്.
ബസ് യാത്രക്കാരുടെ സഹായത്തോടെ മാലയുടെ ഉടമയായ ദേവകി (72) യാണ് മോഷണം നടത്തിയ സ്ത്രീകളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ശനിയാഴ്ച രാവിലെ കോട്ടയത്ത് നിന്നും ചേർത്തലയ്ക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ബസ് യാത്രക്കിടെ പ്രതികൾ വാരനാട് കുപ്പക്കാട്ടിൽ ദേവകിയുടെ സ്വർണ്ണമാലയാണ് പൊട്ടിച്ചെടുത്തത്.
മാല പൊട്ടിച്ചത് ശ്രദ്ധയിൽപ്പെട്ടെങ്കിലും ദേവകി പെട്ടെന്ന് ബഹളമുണ്ടാക്കിയില്ല. ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറഞ്ഞു.
തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. ഉടൻതന്നെ ചേർത്തല പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.