തിരുവനന്തപുരം: അവയവദാനത്തിലൂടെ ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ സാരംഗിന് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയത്തിലും സാരംഗിന് എ പ്ലസ് ലഭിച്ചു.
ഓട്ടോറിക്ഷ അപകടത്തില്‍ പരിക്കേറ്റ സാരംഗ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സാരംഗ്.
കഴിഞ്ഞ ആറിനാണ് അപകടം സംഭവിച്ചത്. അമ്മയുമൊത്ത് ഓട്ടോയില്‍ സഞ്ചരിക്കവെ കുന്നത്ത്‌കോണം പാലത്തിനു സമീപം വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
മകനെ നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം നൽകി.
തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് വിദ്യാഭ്യാസ മന്ത്രി സമൂഹമധ്യമങ്ങളിൽ കൂടി പറഞ്ഞു.