വീടിനു സമീപമിരുന്ന് മദ്യപാനം; ഗ്ലാസ് വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തു; ഗൃഹനാഥനെ യുവാക്കൾ അടിച്ചുകൊന്നു



 തിരുവനന്തപുരം : വീടിനു സമീപത്തെ വയലരികിൽ ഇരുന്ന് മദ്യപിച്ച യുവാക്കൾ ഗൃഹനാഥനെ അടിച്ചു കൊന്നു. കിളിമാനൂരിന് സമീപം ചെങ്കിക്കുന്ന് ചരുവിള വീട്ടിൽ പുഷ്കരൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

 പുഷ്കരനൊപ്പം അയൽവാസിയും സുഹൃത്തുമായ വേണു എന്നയാളെയും യുവാക്കൾ മർദ്ദിച്ചു.

ഇരുചക്ര വാഹനത്തിൽ വീട്ടിലെത്തിയ പുഷ്കരൻ വാഹനം നിർത്തി ടാർപ്പോളിൻ കൊണ്ടു മൂടുന്നതിനിടെ ഇവിടേക്ക് വേണുവും എത്തുകയായിരുന്നു.
 ഇരുവരും സംസാരിക്കുന്നതിനിടെ മദ്യപ സംഘത്തിലെ യുവാക്കൾ ഇവർക്കു നേരെ ഗ്ലാസ് എറിഞ്ഞുടച്ചു. 




വേണു ഇക്കാര്യം ചോദ്യം ചെയ്തു. യുവാക്കളുടെ പ്രവൃത്തിയെ പുഷ്കരൻ വിലക്കാനും ശ്രമിച്ചു. പിന്നാലെ ഇരുവർക്കും മർദ്ദനമേൽക്കുകയായിരുന്നു. 
മർദ്ദനത്തിൽ പുഷ്കരൻ അവശനായി വീണു. ഉടൻ തന്നെ ഇയാളെ കേശവപുരം സർക്കാർ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.




 സുനിതയാണ് മരിച്ച പുഷ്കരന്റെ ഭാര്യ. മകൻ: ശിവ. പൊലീസ് അന്വേഷണം തുടങ്ങി.

أحدث أقدم