എന്നാലും പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യാമോ ?യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനമോടിച്ചത് കടവന്ത്ര എസ് എച്ച് ഒ മനു രാജ് തന്നെയെന്ന് സ്ഥിരീകരണം



കൊച്ചി : യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനമോടിച്ചത് കടവന്ത്ര എസ് എച്ച് ഒ മനു രാജ് തന്നെയെന്ന് സ്ഥിരീകരണം. കേസ് അന്വേഷണത്തിന് പ്രത്യക പൊലീസ് സംഘത്തെ നിയോഗിച്ചു. മട്ടാഞ്ചേരി എസിപി കെ ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പരാതിയിൽ കേസെടുക്കാൻ വൈകിയതടക്കം തോപ്പുംപടി പൊലീസ് വീഴ്ച്ചയും അന്വേഷിക്കും.

മെയ് 18 ന് രാത്രിയിലാണ് കേസിനാസ്പദമായ അപകടം നടന്നത്. കടവന്ത്ര എസ്എച്ച്ഒയും വനിതാ ഡോക്ടര്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍, എസ്എച്ച്ഓയുടെ വാഹനമാണെന്നറിഞ്ഞതോടെ സ്ഥലം വിടുകയും ചെയ്തു. പൊലീസിന്‍റെ ഒത്തുകളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പോഴും അപകടം ഉണ്ടാക്കിയ വാഹനത്തിന്‍റെ നമ്പര്‍ മാത്രം വെച്ച് ‘പ്രതി അജ്ഞാതൻ’ എന്നുമാത്രം രേഖപ്പെടുത്തിയാണ് തോപ്പുംപടി പൊലീസ് കേസെടുത്തിരുന്നത്. തോപ്പുംപടി പൊലീസിന് കേസെടുക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് സംഘം കേസിലെ അന്വേഷണം ഏറ്റടുക്കുകയും വാഹനമോടിച്ചത് കടവന്ത്ര എസ് എച്ച് ഒയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.
أحدث أقدم