ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. പൊലീസ് അന്വേഷണം പൂര്‍ത്തിയാകട്ടെ, അതുവരെ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിന് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിച്ച താരങ്ങളുടെ നിലപാടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കണം. കായിക മേഖലയ്ക്ക് ഹാനികരമായ ഒരു നടപടിയും സ്വീകരിക്കരുത്. ഞങ്ങളെല്ലാവരും കായിക മേഖലയ്ക്കും കായിക താരങ്ങള്‍ക്കും അനുകൂലമാണ്'.
അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു. ഒളിമ്പിക്‌സ് അസോസിയേഷന്റെ കീഴില്‍ റസിലിങ് ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനായി അഡ്‌ഹോഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.