അക്കൗണ്ട് ലോക്കായെന്ന് വ്യാജ സന്ദേശം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ




തിരു: എസ്ബിഐയുടെ പേരിൽ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി. അക്കൗണ്ട് ലോക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ സന്ദേശം എത്തുന്നത്. സംശയാസ്പദമായ പ്രവർത്തനത്തെ തുടർന്ന് എസ്ബിഐ അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം.

സന്ദേശത്തോടൊപ്പം അൺബ്ലോക്ക് ചെയ്തതിനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച ലിങ്കും ചേർത്തിട്ടുണ്ട്. ഇത്തരം ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് ഉപഭോക്താക്കൾക്ക് എസ്ബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന ഇ-മെയിലുകൾ, എസ്എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുതെന്നും എസ്ബിഐ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പുകൾ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ phishing@sbi.co.in എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.


أحدث أقدم